വെള്ളരിക്കുണ്ട്: ബളാൽ പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ കല്ലഞ്ചിറയിൽ നിന്ന് കുഴിങ്ങാട് തട്ടിലേക്ക് നാട്ടുകാരുടെ നേതൃത്വത്തിൽ നിർമിച്ച റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡംഗം ഷാജൻ പൈങ്ങോട്ട് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ, ബളാൽ പഞ്ചായത്ത് അംഗം ശ്രീജ, ബേബി പുതുമന, അബ്ദുൾ ബഷീർ, പുഴക്കര കുഞ്ഞിക്കണ്ണൻ നായർ, സൗമ്യ സജി എന്നിവർ പ്രസംഗിച്ചു. റോഡ് കമ്മിറ്റി കൺവീനർ ഗഫൂർ അരീക്കോടിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ ഒന്നരലക്ഷത്തോളം രൂപ സമാഹരിച്ചാണ് ഒന്നര കിലോമീറ്റർ നീളത്തിലുള്ള റോഡിന്റെ പണി പൂർത്തിയാക്കിയത്. വിവിധ കലാപരിപാടികളും പായസവിതരണവും നടന്നു.